മാർ തോമാ നസ്രാണികളുടെ പെസഹ Pesaha


മുഖവുര

പെസഹ ഇസ്രായേൽ ജനതയുടെ പരന്പരാഗത ആഘോഷമായി കരുതപ്പെടുന്നു. യഹൂദർ ഇന്നും അത് പിന്തുടരുന്നു. മെസ്രെമിലെ ഫറവോയുടെ കീഴിലെ അടിമത്വവുമായാണ് പെസഹ ബന്ധുപ്പെട്ടു കിടക്കുന്നത്. പുറപ്പാടിന്റെ പുസ്തകം 1:1-15 ഇൽ പെസഹായെ പറ്റി വിവരിക്കുന്നുണ്ട്.

ലോകമെന്പാടുമുള്ള ക്രൈസ്തവരിൽ നിന്നും പാടെ വ്യത്യസ്തരായി കേരളത്തിലെ നസ്രാണികൾ പെസഹ ആഘോഷിക്കുന്നു. യഹൂദരുടെ പെസഹായുമായി അതിനു വളരെ സാമ്യമുണ്ട്‌. യഹൂദർ ഭവനങ്ങളിൽ ആഘോഷിക്കുന്നത് പോലെ നസ്രാണികളും പെസഹ ഭവനങ്ങളിൽ ആണ് ആഘോഷിക്കുന്നത്. അവർ പെസഹായെ വളരെ പവിത്രമായി കരുതുന്നു. യഹൂദരുടെ പെസഹായുടെ ക്രൈസ്തവവല്ക്കരിച്ച രൂപമായി നസ്രാണികളുടെ പെസഹായെ കരുതാം. ആദ്യനൂറ്റാണ്ടുകളിൽ യഹൂദ പാരന്പര്യത്തിൽ നിന്നും മിശിഹായെ സ്വീകരിച്ചവരിൽ നിന്നും കൈമാറപ്പെട്ട ഒരു പാരന്പര്യമായിരിക്കാം പെസഹ.

പെസഹാ ഭക്ഷണവും പാരന്പര്യങ്ങളും

പെസഹാ ഭക്ഷണം വീട്ടിൽ തന്നെ പാകപ്പെടുത്തി അവിടെ തന്നെ ഭക്ഷിക്കുക എന്നതാണ് എന്നതാണ് നസ്രാണികളുടെ പാരന്പര്യം. അടുത്ത കാലത്തായി ചില വൈദികർ ഈ പൌരാണിക ആഘോഷത്തെ ദേവാലയങ്ങളിലേക്ക്‌ മാറ്റുന്ന പ്രവണതയുണ്ട്. അങ്ങനെ ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഓർക്കുക: ദേവാലയത്തിലേക്ക് ഈ പാരന്പര്യത്തെ പറിച്ചു നടുന്നത് ഉചിതമല്ല.

കഷ്‌ടാനുഭവ വെള്ളിയുടെ തുടക്കത്തിലാണ്‌ നസ്രാണികളുടെ പെസഹാ ആഘോഷം. ഈശോയുടെ അന്ത്യ അത്താഴം ആ രാത്രി ആയിരുന്നല്ലോ.ആ ദിവസം മാത്രം ഉണ്ടാകുന്ന പുളിപ്പില്ലാത്ത അപ്പവും പാലും ആണ് നസ്രാണികളുടെപെസഹായുടെ ഒരു സവിശേഷത. വിവിധയിനം പഴവർഗങ്ങളും ആ അത്താഴത്തിനു ഉപയോഗിക്കുന്നു. എന്നാൽ പുളിപ്പുള്ള യാതൊന്നും ഉപയോഗിക്കില്ല. ഇതിനായി പുതിയ പാത്രങ്ങളോ പെസഹാ ഭക്ഷണത്തിന് മാത്രമായുള്ള പാത്രങ്ങളോ ഉപയോഗിക്കുന്നു. കുടുംബത്തിലെ മുതിർന്ന പുരുഷനാണ് പെസഹാ ഭക്ഷണം പാകം ചെയ്യേണ്ടത്. ഭക്ഷണമുണ്ടാക്കുന്നതിനു മുന്പായി അടുക്കളയും വീടിന്റെ പരിസരവും നന്നായി വൃത്തിയാക്കുക എന്നതാണ് പെസഹായുടെ മറ്റൊരു സവിശേഷത.

 

 

പെസഹാക്ക് ഉണ്ടാക്കുന്ന ആദ്യ അപ്പത്തിൽ (കാരണം ആദ്യ അപ്പം, പുളിപ്പ് ഒഴിവാക്കാൻ വേണ്ടി മാവ് കുഴച്ചതിനു ശേഷം തൽക്ഷണം തന്നെ ഉണ്ടാക്കുന്നു) അപ്പത്തിലും പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല ഉപയോഗിച്ച് കുരിശാകൃതി ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ട്. പെസഹാ അപ്പവും പാലും ഇക്കാരണത്താൽ മാമോദീസാ സ്വീകരിച്ചിട്ടില്ലാത്തവർക്ക്ഭക്ഷിക്കാറില്ല. എന്നാൽ കുരിശാകൃതി വയ്ക്കാതെ ഉണ്ടാക്കുന്ന അപ്പം എല്ലാവർക്കും ഭക്ഷിക്കാം.

പെസഹാ അപ്പം മുറിക്കുന്നത് വീട്ടിലെ ഏറ്റവും മുതിർന്ന പുരുഷൻ ആണ്. ഒരു വീട്ടിലെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ ആ വർഷം അവിടെ പെസഹാ ഭക്ഷണം പാകം ചെയ്യാറില്ല. അയൽവീടുകളിൽ നിന്നോ ബന്ധുവീടുകളിൽ നിന്നോ അവർകായി പെസഹാ ഭക്ഷണം എത്തിക്കുകയോമറ്റു ഭവനങ്ങളിലേക്ക് പോവുകയോ ആണ് പതിവ്.

ഉദയംപെരൂരിൽ നടന്ന ബലപ്രയോഗത്തിന്റെ കാനോനകളിൽ പെസഹായെ പറ്റി ഒന്നും പ്രതിപാദിക്കുന്നതായി കാണുന്നില്ല. ഭവനങ്ങളിൽ മാത്രം ആഘോഷിച്ചിരുന്ന പെസഹായെ പറ്റി യൂറോപ്യൻ പാതിരിമാർക്കു അറിവുണ്ടായിരുന്നിരിക്കില്ല.

യഹൂദരുടെ പെസഹാ

യഹൂദരുടെയും നസ്രാണികളുടെയും പെസഹാ ആഘോഷത്തിനു വളരെയധികം സാമ്യം ഉണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു.

  • പെസഹായ്ക്കു മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുന്ന പതിവ്.
  • പുളിപ്പില്ലാത്ത ഭക്ഷണം.
  • പുളിപ്പിന്റെ അംശം ഒഴിവാക്കുവാൻ പ്രത്യേകം പാത്രമോ പുതിയ പാത്രമോ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പതിവ്.
  • അപ്പം മുറിക്കുന്നത്/ഭക്ഷണം വിളന്പുന്നത് ഗൃഹനാഥൻ ആണ്.
  • മധുരപാനീയം.
  • കൈപ്പുള്ള ഭക്ഷണം.
  • പ്രത്യേക സ്തുതി ഗീതങ്ങൾ പാടുന്നപാരന്പര്യം.
  • ദാനധർമം.

പെസഹായെ കുറിച്ചുള്ള പ്രബന്ധം

ഈയിടെ നസ്രാണികളുടെ പെസഹായെ കുറിച്ചുള്ള വിശദമായ ഒരു പ്രബന്ധം Journal of Indo-Judaic Studies ൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ചുരുക്കം താഴെ കൊടുത്തിരിക്കുന്നു.

നസ്രാണികളുടെ പെസഹാ ആഘോഷം അവരെ ലോകത്തിലെ മറ്റു പുരാതന ക്രൈസ്തവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. അതിനു യഹൂദരുടെ പെസഹയുമായി ശ്രദ്ധേയമായ ബന്ധം ഉണ്ട്. പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കുന്ന പതിവ് ഇരുകൂട്ടരുടെയും പെസഹായുടെ ഏകതാനമായ ഉല്പത്തിയെ വിളിച്ചോതുന്നു.

മേൽപ്പറഞ്ഞ പ്രബന്ധം ഇങ്ങനെ ഉപസംഹരിക്കപ്പെട്ടിരിക്കുന്നു:

1. ഇസ്രായേൽ ജനതയുടെ സാന്നിധ്യം മലങ്കരയിൽ ഈശോ മിശിഹായുടെ കാലത്തിനും മുന്പ്‌ ഉണ്ടായിരുന്നു എന്ന് കരുതാനുള്ള പല കാരണങ്ങൾ ഉണ്ട്. അക്കാരണത്താൽ തോമാശ്ലീഹാ വഴി മിശിഹായെ സ്വീകരിച്ചവർ യഹൂദപാരന്പര്യത്തിൽ നിന്നുള്ളർ ആയിരിക്കാനുള്ള സാധ്യത അത്ര എളുപ്പം തള്ളിക്കളയാനാവുന്ന ഒന്നല്ല. പ്രത്യേകിച്ച് അടുത്ത കാലത്ത് കൊടുങ്ങല്ലൂരിനു അടുത്തുള്ള പട്ടണം (മുസിരിസ് ആണെന്ന് പ്രഗൽഭർ കരുതുന്നു) ഉല്‍ഖനനത്തിൽ നിന്നും ലഭിച്ച തെളുവുകൾ അതിലേയ്ക്കു വിരൽ ചൂണ്ടുന്നു. അതിനാൽ പെസഹാ മലങ്കരയിലെ ആദ്യകാല യഹൂദരിൽ നിന്നും തുടർന്ന് വരുന്ന ഒരു പാരന്പര്യമായിരിക്കാം.

2. ആദ്യ നൂറ്റാണ്ടുകളിൽ സുറിയാനി അഥവാ ആറാമായ ക്രിസ്ത്യാനികൾ പെസഹ ആചരിച്ചിരുന്നു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് മധ്യപൂർവേഷ്യയിൽ നിന്നും അപ്രത്യക്ഷമായി. മലങ്കരയിൽ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ മധ്യപൂർവേഷ്യയിൽ നിന്നും ക്രൈസ്തവർ കുടിയേറിയിരുന്നു. ഈ കുടിയേറ്റക്കാരിൽ നിന്നും തുടർന്ന് വരുന്ന ഒരു പാരന്പര്യമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഉപസംഹാരം

പെസഹ നസ്രാണികളെ മറ്റു ക്രൈസ്തവരിൽ വ്യത്യസ്തരാക്കുന്ന മഹത്തായ ഒരു പാരന്പര്യമാണ്. അത് തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമയാണ്.

അവലംബം: Alumkal SGJ (2013) "Pesaha Celebration of Nasranis: A Socio-Cultural Analysis", The Journal Of Indo-Judaic Studies, No. 13, 2013; pp. 57-71.

കൂടുതലറിയാൻ

1. ചവറപ്പുഴ ജയിംസ് അച്ചന്റെ ബ്ലോഗിലെ പെസഹാ ഭക്ഷണത്തെ കുറിച്ചുള്ള ലേഖനം.

2. പെസഹാ ആചരണം: കുടുംബങ്ങളിൽ നിന്ന് പള്ളിയിലേയ്ക്ക് ?

3. ഇണ്ടറിയപ്പം മുറിക്കൽ ഇടവകപ്പള്ളിയിലോ? 1981-ൽ റവ. ഡോ. ജേക്കബ് വെള്ളിയാൻ എഴുതിയ ലേഖനം


© Nasrani Foundation

Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org.