Manichaeism and Saint Thomas Christians

മനിക്കേയ വാദവും മാര്‍ തോമ നസ്രാണികളും


The article is written in Malayalam using Unicode fonts. In case of any difficulty in reading please update your Internet Browser with its latest version or read this page.

 

 

കേരളത്തിലെ ക്രൈസ്തവരുടെ പൌരാണികതയെ വിളിച്ചോതുന്ന ഏറ്റവും ശക്തമായ തെളിവാണ് മാര്‍ തോമ സ്ലീവകള്‍ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഈ സ്ലീവകള്‍ മാര്‍ തോമ നസ്രാണികളുടെ പേര്‍ഷ്യയിലെ സഭയുമായുള്ള ബന്ധത്തെയും സുറിയാനി പാരമ്പര്യത്തെയും അടിവരയിട്ടു കാണിക്കുന്നു. ഇവ രണ്ടിനെയും എതിര്‍ക്കുന്ന ഒരു കൂട്ടര്‍ ഈ സ്ലീവകളെ തള്ളി പ്പറയുന്നതിനായി യാതൊരു അടിസ്ഥാനവുമില്ലാതെ ഈ സ്ലീവകളെ മനിക്കേയ വാദവുമായി ബന്ധപ്പെടുത്തി രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രചരിപ്പിച്ചിരുന്നു. ശാലോം മാസികയിലും എന്തിന് എറണാകുളം ഭദ്രാസനത്തിന്റെ മുഖപത്രമായ സത്യദീപത്തില്‍പ്പോലും അനവധി ലേഖനങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടിട്ടുണ്ട്. ഇവ ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ക്ക് അല്പമെങ്കിലും ശമനം ഉണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

 

മനിക്കേയ വാദത്തെ പറ്റി ഒരു വാക്ക്

സസ്സാനിയന്‍ പേര്‍ഷ്യയില്‍ മൂന്നാം നൂറ്റാണ്ടില്‍ മാനി എന്ന് പേരുള്ള ഒരു പ്രവാചകനാല്‍ സ്ഥാപിതമായ ഒരു വിഭാഗമാണ് മനിക്കെയര്‍ (Manichaeism). അന്ന് നിലവിലിരുന്ന പ്രധാന മതങ്ങളായ സാരസൂത്രം (Zorostrianism), ബുദ്ധമതം, ക്രിസ്തുമതം എന്നിവയിലെ ആശയങ്ങള്‍ കൂട്ടിചേര്‍ന്നാണ് ഈ മതം രൂപം കൊണ്ടത്‌. നന്മയെയും തിന്മയെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുണ്ടാക്കിയ ഈ മതത്തിലെ ചിന്തകള്‍ക്ക് വളരെയധികം പ്രചുരപ്രചാരം പാശ്ചാത്യ ലോകത്തും പൌരസ്ത്യ ലോകത്തും ഉണ്ടായി. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി റോമില്‍ എത്തിയ മനിക്കേയ വാദികള്‍ക്ക് നാലാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആശ്രമങ്ങള്‍ വരെ ഉണ്ടാകത്തക്കവിധം വളര്‍ന്നിരുന്നു. ഇന്ന് കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന ചിന്തകള്‍ക്കെല്ലാം അടിത്തറ പാകിയ വിശുദ്ധ അഗസ്തീനോസ് പോലും മനിക്കേയ വാദത്തില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് മാനസ്സാന്തരപ്പെട്ടു വന്നയാളാണ്. കത്തോലിക്കാസഭയിലെ പുരോഹിതരുടെ നിര്‍ബന്ധിത ബ്രഹ്മചര്യം മനിക്കേയ വാദത്തിന്റെ സ്വാധീനത്തില്‍ നിന്നുണ്ടായതാണെന്നുവരെ വാദമുണ്ട്. പില്‍ക്കാലത്ത്‌ മാനിയെ പേര്‍ഷ്യ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി വധിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും മതമര്‍ദ്ദനം നേരിടേണ്ടിവന്ന് ആ വിഭാഗം കാലക്രമേണ നശിച്ചുപോവുകയായിരുന്നു.

 

പേര്‍ഷ്യയില്‍ സസ്സാനിക സാമ്രാജ്യത്തിന്റെ കാലഹട്ടത്തില്‍ സാരസൂത്രമതമൊഴികെയുള്ള എല്ലാ മതങ്ങളും പീഡിപ്പിക്കപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പറങ്കി വേദപ്രചാരകര്‍ മൈലാപ്പൂരിലെ സ്ലീവ കണ്ടെടുക്കുകയും, തുടര്‍ന്ന് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയും ശ്ലൈഹികപാരമ്പര്യവും യൂറോപ്പിലാകമാനം പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നെത്തിയ അകത്തോലിക്കരായ യൂറോപ്പിലെ മറ്റു വേദപ്രചാരകര്‍ കത്തോലിക്കാ പ്രചാരണത്തെ എതിര്‍ത്തു. അവര്‍ കൊണ്ടുവന്ന ബദല്‍ സിദ്ധാന്തം പേര്‍ഷ്യയിലെ മേല്‍പ്പറഞ്ഞ മത മര്‍ദ്ദനത്തിന്റെ കാലത്ത് കേരളത്തിലേക്ക് മാനിയുടെ അനുയായികള്‍ എത്തിയിരിക്കാമെന്നും അങ്ങനെ മാനിയുടെ മതം ഇവിടെ തഴച്ചു വളര്‍ന്നിരിക്കാമെന്നും അഭിപ്രായപ്പെട്ടു. അവരുടെ അഭിപ്രായം തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടേയില്ലെന്നും ഇവിടെ സ്ഥാപിക്കപ്പെട്ട മാനിയുടെ അനുയായികള്‍ പില്‍ക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചു എന്നും ആണ്. തോമാശ്ലീഹ എന്നത് മാനിയുടെ ഏതോ ഒരു ശിഷ്യനാണെന്നു പോലും ഇക്കൂട്ടര്‍ വാദിക്കുന്നു.

 

മനിക്കേയവാദവും ബര്‍നല്‍ സായിപ്പും

മാര്‍ തോമ നസ്രാണികളെ ആദ്യമായി (1874 ല്‍ The Indian Antiquary ല്‍ ) മാനിയുമായി ബന്ധപ്പെടുതിയത് പുരാവസ്തു ശാസ്ത്രഞ്ജന്‍ ആയ ബര്‍നല്‍ സായിപ്പാണ്‌. അദ്ദേഹം ഭാരതത്തിലെ പല്ലവി ലിഖിതങ്ങളെ ക്കുറിച്ച് പഠനം നടത്തിയശേഷം കേരളത്തിലെ ആദിമ ക്രിസ്ത്യാനികള്‍ പേര്‍ഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ആയിരുന്നു എന്നും അവരുടെ ഭാഷ സുറിയാനി അല്ല മറിച്ച് പല്ലവി ആയിരുന്നു എന്നും പ്രസ്താവിച്ചു. കാരണം അക്കാലത്തു പേര്‍ഷ്യയിലെ ഭാഷ സുറിയാനി അല്ല പല്ലവി ആയിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ക്രിസ്തുമതം പേര്‍ഷ്യയില്‍ അക്കാലത്തു വ്യാപകമാല്ലായിരുന്നു എന്നും അതിനാല്‍ കേരളത്തിലെ ആദിമ ക്രൈസ്തവര്‍ മാനിയുടെ വക്താക്കള്‍ ആയിരുന്നു എന്ന് അദ്ദേഹം വാദിച്ചു. മാനി ഹിന്ദിലും സിന്ധിലും (ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അടങ്ങിയ പ്രദേശം) നടത്തിയ പ്രേക്ഷിത പ്രവര്‍ത്തനവും കോസ്മാസ് ഇന്‍ഡിക്കപ്ലിയൂറ്റിസിന്റെ (Cosmas Indecapleutes) ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ മെത്രാന്മാരുടെ കേരളത്തിലെ സാന്നിധ്യവും, മാര്‍ തോമ സ്ലീവകളിലെയും മാര്‍ നസ്രാണികളുടെ കൈവശം ഉണ്ടായിരുന്ന ചെമ്പുഫലകങ്ങളിലെയും പല്ലവി ലിഖിതങ്ങളും ആണ് അദ്ദേഹത്തെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

 

അതിനു ശേഷം കേണല്‍ എച് യൂള്‍ സായിപ്പും, റിച്ചാര്‍ഡ് കോളിന്‍സ് സായിപ്പും മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണത്തില്‍ ബര്‍നല്‍ സായിപ്പുമായി നിരവധി തവണ വാദ പ്രതിപാദങ്ങളില്‍ ഏര്‍പ്പെട്ടു. കേരളത്തില്‍ മാര്‍ തോമാശ്ലീഹ വന്നിട്ടില്ല എന്നും റോമന്‍ കത്തോലിക്കര്‍ ആയ വേദപ്രചാരകര്‍ ആണ് തോമസ്ലീഹയുമായി ബന്ധപ്പെട്ട നാട്ടു വര്‍ത്തമാനങ്ങള്‍ക്ക് നിറം പകര്‍ന്നതെന്നും ബര്‍നല്‍ സായിപ്പ് വാദിച്ചു. ഈ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ അദ്ദേഹം മാര്‍ തോമാസ്ലീവകളിലെ ലിഖിതങ്ങള്‍ മാനിയുടെ വ്യക്താക്കളുടെതല്ല ക്രൈസ്തവമാണെന്നും മാനിയുടെ വ്യക്താക്കളെ പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി എഴുതപ്പെട്ടതാണെന്നും സമ്മതിച്ചു. അദ്ദേഹം ആ പല്ലവി ലിഖിതങ്ങളെ വിശദീകരിക്കുന്നത് ഇങ്ങനെ:

"അവന്‍ യഥാര്‍ഥ മിശിഹായും ഉന്നതങ്ങളില്‍ നിന്നുള്ള ദൈവവും പരിശുദ്ധാത്മാവും ആണ്."

കോളിന്‍ സായിപ്പ് ബര്‍നല്‍ സായിപ്പിന്റെ സിദ്ധാന്തത്തെ നേരിട്ടത് ബര്‍ നലിന്റെ തന്നെ പല്ലവി ലിഖിതങ്ങളുടെ വിശകലനം ഉപയോഗിച്ചുകൊണ്ടാണ്. ബര്‍ നലിന്റെ വിശകലനം മാര്‍ തോമാ സ്ലീവകളിലെ പല്ലവിലിഖിതങ്ങളെ മാനിസിദ്ധാന്തത്തിലെയ്ക്കല്ല മറിച്ച് അവ ക്രൈസ്തവം ആണെന്നു പ്രസ്ഥാവിച്ചുകൊണ്ടായിരുന്നു. പല്ലവിലിഖിതങ്ങള്‍ സസ്സാനിക പേര്‍ഷ്യയിലെ ക്രിസ്ത്യാനികളും മലബാറിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. പേര്‍ഷ്യ യേയും മലബാറി ലെ ക്രിസ്ത്യാനികളെയും ബന്ധപ്പെടുത്തുന്ന അനവധി സുറിയാനി രേഖകളും ഉള്ളതിനാല്‍ പേര്‍ഷ്യയില്‍ നിന്നും അക്കാലത്തു വന്നത് മാനിയുടെ വ്യക്താക്കളല്ല ക്രൈസ്തവര്‍ ആണ് എന്നും അദ്ദേഹം വാദിച്ചു.

 

ബര്‍ നല്‍ സായിപ്പ് മണിഗ്രാമക്കാരെ മാനിയുടെ സൈദ്ധാന്തികര്‍ എന്ന് വിളിച്ചതിനെ കോളിന്‍ സായിപ്പ് എതിര്‍ത്തത് ഇങ്ങനെ പറഞ്ഞാണ്:

"ഭാരതത്തിലും ശ്രീലങ്കയിലും ഒരു പക്ഷെ മാനിയുടെ സൈദ്ധാന്തികര്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷെ അതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും നമ്മള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. മാനി എന്ന് തുടങ്ങുന്ന വാക്കുകളെ മാനിയുടെ സൈദ്ധാന്തികരുമായി ബന്ധപ്പെടുത്തുവാന്‍ തുടങ്ങിയാല്‍ അവ നമ്മെ വഴി തെറ്റിക്കുകയെ ഉള്ളൂ. അതിനാല്‍ മാര്‍ തോമ നസ്രാനികള്‍ക്ക് മാനിയുടെ സൈദ്ധാന്തികരുമായുള്ള ബന്ധമുണ്ടെന്ന വാദഗതിക്ക് അടിസ്ഥാനമില്ലെന്നും മനിക്കേയമതക്കാര്‍ എന്തെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെടുത്തതിനു ശേഷമേ ഇനി ഒരു ചര്‍ച്ചക്ക് സാധ്യതയുള്ളൂ" എന്നും അദ്ദേഹം പ്രസ്താവിച്ചു.

 

ബര്‍നല്‍ സായിപ്പ് ഒടുവില്‍ എഴുതി:

എന്റെ അനുമാനം അനുസരിച്ച് ഈ ലിഖിതങ്ങള്‍ "എനിക്കല്ല മഹത്വം എന്നാല്‍ നമ്മുടെ നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായ്ക്കാണ്‌. അവന്‍ യഥാര്‍ഥ മിശിഹായും ഉന്നതങ്ങളില്‍ നിന്നുള്ള ദൈവവും പരിശുദ്ധാത്മാവും ആണ്." ഈ വാദഗതി മനിക്കേയന്‍ വാദത്തിന് എതിരാണ് എന്ന് കാണുന്നു. കാരണം അദ്ദേഹം പഠിപ്പിച്ചിരുന്നത് ക്രൂശിതനായ മിശിഹ ഈശോയല്ലെന്നും മറിച്ച് ഒരു വിധവയുടെ മകനായിരുന്നുവെന്നും ആണ്. മാര്‍ തോമ സ്ലീവയിലെ ലിഖിതങ്ങള്‍ മാനിയുടെ വ്യക്താക്കളുടെതായിരുന്നുവെങ്കില്‍ അവയ്ക്ക് മറ്റൊരു രൂപവും ഭാവവും ആയിരുന്നേനെ. അതുകൊണ്ട് മനിക്കേയന്‍ വാദികളുടെ ബാക്കിപത്രങ്ങള്‍ പടിഞ്ഞാറന്‍ സമുദ്രതീരത്ത് (അതായത് കേരളം) നിന്നും ഇനിയും കണ്ടെടുക്കേണ്ടിയിരിക്കുന്നു.

 

ബര്‍ നല്‍ സായിപ്പിന്റെ പ്രധാന വാദഗതി പേര്‍ഷ്യയില്‍ മനിക്കേയന്‍ വാദികള്‍ ശക്തരായിരുന്നുവെന്നും ക്രൈസ്തവര്‍ എണ്ണത്തില്‍ വളരെക്കുറവായിരുന്നുവെന്നും അതിനാല്‍ ഭാരതത്തിലെ പേര്‍ഷ്യ യില്‍നിന്നുള്ള കുടിയേറ്റക്കാര്‍ മാനിയുടെ സൈദ്ധാന്തികര്‍ ആണെന്നുമായിരുന്നു. കൊല്ലംപറമ്പില്‍ യാക്കോബ് കത്തനാര്‍ പറഞ്ഞത് ബര്‍നല്‍ സായിപ്പ് പേര്‍ഷ്യയിലെ ക്രൈസ്തവസമൂഹത്തെ പറ്റിയും അവരുടെ ചരിത്രത്തെയും പറ്റിയുള്ള അറിവ് വികലമായിരുന്നുവെന്നാണ്. മാത്രമല്ല ബര്‍നല്‍ സായിപ്പ് ഒരു ക്രൈസ്തവ ചരിത്രകാരനുമല്ലായിരുന്നു. മൂന്നാം നൂറ്റാണ്ടുമുതല്‍ എട്ടാം നൂറ്റാണ്ട് വരെ പൌര്സ്ത്യസുറിയാനി സഭ പേര്‍ഷ്യ, ഖുസിസ്താന്‍, ബാബിലോണിയ, അടിയബെനെ മെസപ്പോട്ടെമിയ മുതലായ പ്രവിശ്യകളില്‍ ഭേദപ്പെട്ട വളര്‍ച്ച നേടി എന്നാണ്. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഇസ്ലാമികപടയോട്ടതിനു മുമ്പ്, പേര്‍ഷ്യയിലെ റ്യൂ അര്‍ദഷിര്‍ മേത്രാപോലീതയുടെ ഭദ്രാസനം അതിഭാദ്രാസനമായി വളരുകയും പതിനെട്ടു സഹ പ്രവിശ്യകള്‍ അതിനു കീഴില്‍ വരികയും ചെയ്തിരുന്നു. കൂടാതെ സസ്സാനിക സാമ്രാജ്യത്തില്‍ ശാബോര്‍ ഒന്നാമന്റെ കാലത്ത് (AD 240 -273) മനിക്കേയ വാദം വേരൂന്നിയെങ്കിലും പിന്നീട് ബഹ്രാം ഒന്നാമന്റെ കാലത്ത് അവര്‍ക്ക് മതമര്‍ദ്ദനം നേരിടേണ്ടി വരികയും മാനി കൊല്ലപ്പെടുകയും ആയിരുന്നു.

 

ബര്‍നല്‍-കോളിന്‍ സായിപ്പുമാരുടെ വാഗ്വാദത്തിനു ശേഷം മാര്‍ തോമ നസ്രാണികളെ മനിക്കേയ വാദികളുമായി ബന്ധപ്പെടുതികൊണ്ടുള്ള വാദങ്ങള്‍ക്ക് വില കുറയുകയും ക്രമേണ നിലക്കുകയും ചെയ്തു. അതിനു ശേഷം വളരെയധികം പ്രബന്ധങ്ങള്‍ മാര്‍ തോമ നസ്രാണികള്‍ക്ക് പേര്‍ഷ്യയിലെ പൌരസ്ത്യസഭയുമായി ബന്ധമുണ്ടെന്നു കാണിച്ചുകൊണ്ടുള്ള ശക്തമായ തെളിവുകളുമായി പ്രസിദ്ധീകരിക്കപ്പെട്ടു. വളരെയധികം ഗവേഷകര്‍ മാര്‍ തോമാ സ്ലീവയിലുള്ള പല്ലവി ലിഖിതങ്ങളെ ക്കുറിച്ച് പഠിക്കുകയും വിശദീകരിക്കുകയും ചെയ്തു കഴിഞ്ഞു. ഇന്ന് ബര്‍നല്‍ സായിപ്പിന് ശേഷം നൂറ്റി മുപ്പത്തിയഞ്ചു കൊല്ലങ്ങള്‍ ക്കഴിഞ്ഞിട്ടും, ബര്‍നല്‍ സായിപ്പിന്റെ സിദ്ധാന്തത്തെ ശസ്ക്തിപ്പെടുത്തുന്ന ഒരു ചെറു കണിക പോലും കണ്ടെടുക്കപ്പെട്ടിട്ടില്ല! ബര്‍നല്‍ സായിപ്പ് അദ്ദേഹത്തിന്റെ പഠനങ്ങള്‍ വെളിപ്പെടുത്തിയ കാലത്ത് ഇന്നുള്ളത് പോലെ മാര്‍ തോമ ക്രിസ്ത്യാനികളും പേര്‍ഷ്യ ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നില്ല. ഇന്നത്തെ അവസ്ഥ ആയിരുന്നു അന്നുണ്ടായിരുന്നതെങ്കില്‍ ബര്‍നല്‍ സായിപ്പ് അതുപോലെ ഒരു സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നില്ല എന്ന് വേണം നാം കരുതാന്‍.

 

പല്ലവി: പേര്‍ഷ്യയിലെ ക്രിസ്ത്യാനികളുടെ ഭാഷ

പേര്‍ഷ്യയിലെ റ്യൂ അര്‍ദാശിര്‍ പൌരസ്ത്യ സുറിയാനി സഭയുടെ അപ്രധാനമല്ലാത്ത ഒരു പ്രവിശ്യയായിരുന്നു. അവര്‍ക്ക് മുഖ്യധാര സുറിയാനി സഭയില്‍ (അഥവാ ടെസിഫോനിലെ സഭ) നിന്നും വ്യത്യസ്തമായി തനതായ ഒരു സംസ്കാരം ഉണ്ടായിരുന്നു. ഭാരതത്തിലെ സഭ പേര്‍ഷ്യയിലെ സഭയുടെ പരിപാലനയില്‍ ആയിരുന്നു പാത്രിയാര്‍കീസ് തിമോത്തി ഒന്നാമന്റെ (AD 780 - 823) കാലം വരെ. ടെസിഫോനിലെ സഭ സുറിയാനി ഭാഷ ഉപയോഗിച്ചപ്പോള്‍ പേര്‍ഷ്യയിലെ സഭ പല്ലവി ആണ് അഞ്ചാം നൂറ്റാണ്ടുവരെ അവരുടെ ആരാധനക്രമത്തില്‍ ഉപയോഗിച്ചിരുന്നത്. പേര്‍ഷ്യയിലെ മേത്രാപോലീത്തക്ക് ടെസിഫോനിലെ സഭയുമായി ഭാഷവ്യതിയാനം കൂടാതെ മെത്രാന്മാരെ അഭിഷേകം ചെയ്യുന്നതിലും ആശ്രമജീവിതക്രമങ്ങളെ ക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സീറട്ടിലെ നാളാഗമം പറയുന്നത് റ്യൂ അര്‍ദാശിറിലെ മാന എന്ന മെത്രാപ്പോലീത്ത, മതഗ്രന്ഥങ്ങളും, സ്തുതിപ്പുകളും, സങ്കീര്‍ത്തനങ്ങളും കൂടാതെ ടാര്‍സുസിലെ ദിയടോരിന്റെയും തിയോടരിന്റെയും യവനഭാഷയിലുള്ള കൃതികള്‍ പല്ലവി ഭാഷയിലേക്ക് തര്‍ജ്ജമചെയ്തു ഭാരതത്തിലെക്കും മറ്റു ദ്വീപുസമൂഹങ്ങളിലെക്കും അയച്ചുവെന്നാണ്. പല്ലവിഭാഷയിലെഴുതപ്പെട്ട വേദപുസ്തകത്തിന്റെ ഭാഗങ്ങള്‍ (സങ്കീര്‍ത്തന മന്ജരികള്‍) ചീനയിലെ ടര്‍ഫാന്‍ പ്രവിശ്യയില്‍ നിന്നും 1966 ല്‍ കണ്ടെടുത്തത് ഇപ്പോള്‍ ബര്‍ലിനിലെ കാഴ്ച ബംഗ്ലാവില്‍ വച്ചിട്ടുണ്ട് എന്ന വസ്തുത സീറട്ടിലെ നാളാഗമത്തിലെ വസ്തുതകളെ ശരിവെക്കുന്നതാണ്.

 

ടെസിഫോനിലെ പൌരസ്ത്യ സുറിയാനി സഭയ്ക്ക് AD 420 മുതല്‍ പാത്രിയര്‍ക്കീസ് പദവി ഉണ്ടായിരുന്നിട്ടും പാര്‍സിലെ സഭ സമാന്തരമായി ഒരു ക്രൈസ്തവ കേന്ദ്രമായി മാറി. AD 554-790 കാലഹട്ടത്തില്‍ പാര്‍സിലെ മെത്രാപ്പോലീത്ത തന്റെ ഭദ്രാസനത്തെ ടെസിഫോനിലെ പാത്രിയര്‍കീസില്‍ നിന്നും വേര്‍പെടുത്തുകയും അദ്ദേഹത്തിന്റെ കീഴിലുള്ള ആറു മെത്രാസനങ്ങളില്‍ സ്വന്തമായ നിലയില്‍ മെത്രാന്മാരെ വാഴിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഭാരതത്തിലെ ക്രൈസ്തവരും മേല്‍പ്പറഞ്ഞ പാര്‍സിലെ വലിയ മെത്രാന്റെ കീഴില്‍ ആയിരുന്നു. പൌരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക ആയ ഈശോ യാബ് മൂന്നാമന്‍ (AD 650-658) എഴുതിയിരിക്കുന്നത് റ്യൂ അര്‍ദാഷിരിലെ മെത്രാപോലീത്ത പാര്‍സിലെ ഭദ്രാസനത്തിന് മാത്രമല്ല പിന്നെയോ ഭാരതത്തിനും, ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ സസ്സാനിക സാമ്രാജ്യത്തിന്റെ അതിരുകള്‍ മുതല്‍ മലയായിലുള്ള ഖാല വരെ-ഏകദേശം 12000 പാരസങ്ങുകള്‍, ചുമതലക്കാരന്‍ ആയിരുന്നു എന്നാണ്.

 

മനിക്കേയന്‍ കുരിശുകളെങ്കില്‍ എന്തുകൊണ്ട് ഭാരതത്തില്‍ മാത്രം?

മലേക്കണ്ടത്തില്‍ പയസ് കത്തനാര്‍ അദ്ദേഹത്തിന്റെ ലേഖനമായ Saint Thomas Christians: A Historical analysis of their origin and development up to 9th century AD ല്‍ മനിക്കേയ വാദത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ചില മനിക്കേയ വാദികളുടെ കൃതികളില്‍ മാനിയുടെ വേദപ്രചാരകര്‍ ഭാരതത്തില്‍ സഞ്ചരിച്ചതായി കാണുന്നു, എന്നാല്‍ മനിക്കേയ വാദികള്‍ക്ക് കുരിശുണ്ടായിരുന്നെങ്കില്‍ അവ ആ മതം പ്രചാരത്തിലായ എല്ലാ സ്ഥലങ്ങളിലും കണ്ടേനെ. പാശ്ചാത്യ സഭയ്ക്ക് മനിക്കേയ മതത്തില്‍ നിന്നും അനവധി സിദ്ധാന്തങ്ങള്‍ കടം കൊണ്ടിരുന്നതിനാല്‍ അത്തരം കുരിശുകള്‍ യൂറോപ്പില്‍ നിന്നായിരുന്നെനെ കണ്ടെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

 

മനിക്കേയ വാദികള്‍ക്ക് കുരിശുണ്ടായിരുന്നോ?

മനിക്കേയ വാദികള്‍ കുരിശിനെ ആരാധിച്ചതായോ ഉപയോഗിച്ചതായോ യാതൊരു തെളിവുകളും ഇന്നേ വരെ കണ്ടുകിട്ടിയിട്ടില്ല. കൊല്ലംപറമ്പില്‍ യാക്കോബ് കത്തനാര്‍ ചോദിക്കുന്നു: മനിക്കേയ വാദികള്‍ക്ക് കുരിശുണ്ടായിരുന്നോ? മാനി വാദികള്‍ക്ക് സൈദ്ധാന്തികര്‍ പറയുന്നത് ഈശോ കുരിശില്‍ മരിച്ചില്ല പിന്നെയോ ഒരു പകരക്കരനാണ് കുരിശില്‍ മരിച്ചത്. മാനിയും കുരിശില്‍ അല്ല മരിച്ചത്. അദ്ദേഹം ബഹ്രാം ഒന്നാമാനാല്‍ തുറുങ്കില്‍ അടക്കപ്പെടുകയും അവിടെവച്ചു ചങ്ങലകളില്‍ മരിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ശവശരീരം പന്തം കൊണ്ട് കുത്തുകയും വികൃതമാക്കുകയും ചെയ്യുകയും ശിരസ്സ്‌ ബെല്‍ ലാപറ്റ് എന്ന പട്ടണത്തിന്റെ പ്രധാനവാതിലില്‍ കേട്ടിതൂക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ടെസിഫോനില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ മറവുചെയ്തു. ഇതില്‍ നിന്നും മനസിലാക്കാവുന്നത് മാനിയുടെ മരണത്തിനു കുരിശുമായി യാതൊരു ബന്ധവുമില്ല എന്നാണ്. പിന്നെ എന്തിനു അദ്ദേഹത്തിന്റെ അനുയായികള്‍ കുരിശുപയോഗിക്കണം ?

കൂടാതെ കുരിശുമരണം റോമാസാമ്രാജ്യത്തില്‍ ഉപയോഗത്തിലിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. പേര്‍ഷ്യയിലും മറ്റു മധ്യപൂര്‍വേഷ്യന്‍ പ്രദേശങ്ങളിലും അക്കാലത്തും ഇന്നും നിലവിലിരുന്ന ശിക്ഷാരീതി കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു.

 

പ്രശസ്തനായ ബി ടീ അന്ക്ലെസേറിയ എഴുതി:

ദക്ഷിണ ഭാരതത്തില്‍ കുരിശു കൊണ്ടുവന്നത് സാര്‍വത്രിക സഭയാണ് അല്ലാതെ മനിക്കേയ വാദികള്‍ അല്ല എന്നത് മറ്റൊരു ചോദ്യമില്ലാതെ തള്ളിക്കളയാവുന്ന കാര്യമാണ്. ആ കുരിശിലെ (കേരളത്തിലെ മാര്‍ തോമ സ്ലീവകള്‍) ലിഖിതങ്ങളില്‍ നിന്നും മനസ്സിലാകുന്നത്‌ അവയ്ക്ക് മനിക്കേയ വാദത്തോടോ വിശ്വാസങ്ങളോടോ യാതൊരു ബന്ധവുമില്ല എന്നാണ്. അഥവാ മനിക്കേയ വാദികള്‍ കുരിശുപയോഗിച്ചിരുന്നുവെങ്കില്‍ തന്നെ അവര്‍ പൌലോസ് ശ്ലീഹ ഗലാത്തിയകാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുമുള്ള ഭാഗം ഈ കുരിശുകളില്‍ രേഖപ്പെടുത്തുക അസാധ്യമാണ്.

 

റോമിലെ പൊന്തി ഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറായ നെടുങ്ങാട്ടു ഗീവര്‍ഗിസ് കത്തനാരും മാര്‍ തോമാ സ്ലീവ ക്രൈസ്തവ മാണെന്നും മനിക്കേയ വാദവുമായി അതിനു യാതൊരു ബന്ധവും ഇല്ല എന്നുമാണ്.

ചുരുക്കത്തില്‍ മുകളില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നത് മാര്‍ തോമാ സ്ലീവകളും അവയിലെ ലിഖിതങ്ങളും ക്രൈസ്തവമാണെന്നും മറിച്ച് അവ മനിക്കേയ വാദത്തില്‍ നിന്നും ഉടലെടുത്തതല്ല എന്നുമാണ്.

 

അവലംബം: M T Antony "Saint Thomas Cross: A Religio-Cultural Logo of Saint Thomas Christians", Festschrift in Honour of Prof. Dr Varghese Pathikulangara, CMI, pp. 237-270, Denha Services 2011.

 

Write your comments to this article on info 'at' nasranifoundation.org

 


Read more articles

 

© Nasrani Foundation

Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org.