ദക്ഷിണേന്ത്യയിലെ സുറിയാനീ നസ്രാണികൾ | ||
(കൂനമ്മാക്കൽ തോമാക്കത്തനാരുടെ ലേഖനത്തിന്റെ പരിഭാഷ)
| ||
1. ഇന്ത്യയുടെ വാണിജ്യബന്ധങ്ങൾ: ബി.സി 3000- ബിസി 1000ഇന്ത്യയും മെസപ്പോട്ടോമിയ - പേർഷ്യൻ ഭൂവിഭാഗങ്ങളുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളിൽ സിന്ധു നദീതട സംസ്കാരവും സുമേറിയൻ സംസ്കാരവും തഴച്ചുവളർന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ദേശമായിരുന്ന ഊറിൽ നിന്നും കണ്ടെടുത്ത ഫലകങ്ങൾ സുമേറിയയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ തെളിവുകളാണ്. സുമേറിയൻ ലിപിയും ഇന്ത്യൻ ബ്രഹ്മി ലിപിയും തമ്മിൽ വളരെയധികം സാമ്യവുമുണ്ട്. ആര്യാധിനിവേശ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ വടക്ക് ആര്യന്മാർ കൈയ്യടക്കുകയും ദ്രാവിഡർ തെക്കോട്ട് പാലായനം ചെയ്യുകയും ചെയ്തു. തെക്കേ ഇന്ത്യയും ഫിനീഷ്യയും തമ്മിലുള്ള ബന്ധങ്ങൾക്കും ബിസി രണ്ടാം സഹസ്രാബ്ദത്തോളമെങ്കിലുമുള്ള പഴക്കമുണ്ട്. 2. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു മുൻപ്സോളമന്റെ ഭരണകാലത്തുതന്നെ യഹൂദർ തെക്കേ ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചിരുന്നു, അതായത് ബി.സി പത്താം നൂറ്റാണ്ടീൽ. ടയർ-സീദോൻ പ്രദേശങ്ങളിലെ ഫിനീഷ്യക്കാരുടെ പാത പിന്തുടർന്നായിരുന്നു യഹൂദരുടെ വരവ്. സോളമന്റെ സമകാലികനായിരുന്ന ടയറിലെ ഹീരാം രാജാവ് ഇന്ത്യയുടേ തെക്കേ തീരവുമായുള്ള അന്താരാഷ്ട കച്ചവടബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സുഗന്ധവ്യജ്ഞനങ്ങളും രത്നങ്ങളൂം ആനക്കൊമ്പുമൊക്കെ തെക്കേ ഇന്ത്യയെ ആകർഷകമാക്കിയിരുന്നു. S. S. കേദറിന്റെ അഭിപ്രായത്തിൽ തെക്കേ ഇന്ത്യയിലെ യഹൂദകുടിയേറ്റത്തിന് സോളമന്റെ കാലത്തോളം തന്നെ പഴക്കമുണ്ട്. 3. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസകാലത്ത്അസ്സീറീയയിലേയും (734-732 BC) ബാബിലോണിയായിലേയും (6th and 5th centuries B.C) പ്രവാസകാലത്തും യഹൂദർക്ക് തെക്കേ ഇന്ത്യയുമായി വ്യാപാരമ്പന്ധങ്ങളുണ്ടായിരുന്നു. സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. ഇക്കാലത്ത് ബാബിലോൺ രാജ്യാന്തരവാണിജ്യകേന്ദ്രമാവുകയും കടൽ മാർഗ്ഗം തെക്കേ ഇന്ത്യയോടും ബന്ധം പുലർത്തിപ്പോരുകയും ചെയ്തു. ചൈനയുടെ തെക്കൻ ഭാഗങ്ങളുമായും ഇതേ പ്രകാരം അവർ ബന്ധം പുലർത്തിയിരുന്നു. ബി.സി ഏഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വ്യാപാരികളുടെ സംഗമസ്ഥാനമായി ദക്ഷിണേന്ത്യ മാറിക്കഴിഞ്ഞിരുന്നു. തേക്കിന്റെയും ചന്ദനവും മറ്റും ഇവിടെ വൻതോതിൽ ക്രയവിക്രയം ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽനിന്നുള്ള തേക്കുതടി ഊറിലെ ചന്ദ്രക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നബുകദ് നാസറിന്റെ (604- 562 ബി.സി ) കൊട്ടാരം ഇന്ത്യയിൽ നിന്നുള്ള തടികൾകൊണ്ട് അലങ്കരിച്ചിരുന്നു. 4. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു ശേഷംപേർഷ്യൻ ചക്രവർത്തിയായ സൈറസിന്റെ കാലത്ത് യഹൂദരുടെ ബാബിലോണിയായിലെ പ്രവാസം അവസാനിച്ചെങ്കിലും അന്താരാഷ്ട വ്യാപാരങ്ങളിൽ തത്പരരായ ചില യഹൂദർ അവിടെ തന്നെ തുടർന്നു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാബിലോടിണിൽ പ്രവാസികളായിരുന്ന യഹൂദർ പല ദേശങ്ങളിലേയ്ക്കും ചിതറിയ്ക്കപ്പെട്ടു. അവരിൽ ചിലർ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വാസമുറപ്പിച്ചു. ഈ രണ്ടു കൂട്ടരുടെയും ഭാഷ അറമായ ആയിരുന്നു. ഇതിനും ശേഷം ബി.സി ഒന്നും രണ്ടൂം നൂറ്റാണ്ടുകളിലും ദക്ഷിണേന്ത്യയിലേയ്ക്ക് യഹൂദകുടിയേറ്റമുണ്ടായി. അങ്ങനെ പ്രവാസത്തിനു മുൻപും പ്രവാസകാലത്തും അതിനു ശേഷവുമായി യഹൂദർ ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറുകയുണ്ടായി. ബി.സി 30 ൽ റോമൻ പട്ടാളം ഈജിപ്ത് കീഴടക്കുകയും ഈജിപ്ത് വഴിയുള്ള രാജ്യാന്തരവ്യാപാരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ചെങ്കടലിൽ നിന്നും മലബാർ തീരത്തേയ്ക്ക് എല്ലാ കൊല്ലവും 120 കപ്പലുകൾ വരാറുണ്ടായിരുന്നത്രെ. മൺസൂൺ കാറ്റിന്റെ സഹായത്താൽ 40 ദിവസം കൊണ്ടെങ്കിലും മലബാർ തീരത്തെത്തുമായിരുന്നു. അതേ വർഷം തന്നെ തിരിച്ചും മൺസൂണിന്റെ സഹായത്താൽ തന്നെ ഈജിപ്തിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്തിരുന്നു. ചക്രവർത്തിമാരായിരുന്ന അഗസ്റ്റസ്റ്റും തിബേരിയൂസൂം ഈജിപ്തും മലബാർ തീരവുമായുള്ള കച്ചവടത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും അഗസ്റ്റസിന്റെ 500 ൽ പരം നാണയങ്ങൾ കണ്ടെത്തിയിട്ടൂണ്ട്. കണ്ടെടുക്കപ്പെട്ടിട്ടൂള്ള തിബേരിയൂസിന്റെ നാണയങ്ങളാകട്ടെ ആയിരത്തിനു മേലേ വരും. ഇതൊക്കെ ബി.സി ഒന്നാം നൂണ്ടാണ്ടിലും എ.ഡി ഒന്നാം നൂറ്റാണ്ടിലും ഒക്കെ ഉണ്ടായിരുന്ന ശക്തമായ വാണിജ്യബന്ധത്തിന്റെ തെളിവാണ്. പേർഷ്യക്കാർക്കും അറബികൾക്കും ഈജിപ്തുകാർക്കും സുപരിചിതമായിരുന്ന മൺസൂൺ ഗതിവിഗതികളെ ഗ്രീക്കു നാവികനായ ഹിപ്പാലസ് എ.ഡി.45-ല്‍ കണ്ടുപിടിച്ചതായാണ് പക്ഷേ പ്രചരിപ്പിപ്പിയ്ക്കപ്പെട്ടത്. ഈജിപ്തിലെ ടോളമി യൂര്‍ഗെറ്റസിന്റെ കാലത്തായിരിയ്ക്കണം ഈ രഹസ്യം പരസ്യമാവുന്നത്. പിന്നീട് ഈ അറിവ് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെങ്കിലും റോമാക്കാർക്കു ലഭിച്ചിരിയ്ക്കണം. അഗസ്റ്റസിന്റെ ഒരു ദേവാലയം മുസിരിസ്സിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുസ്സിരിസിന്റെ ഭാഗമായിരുന്ന ‘പട്ടണ’ത്തിലെ 2007 ലെ പുരാവസ്തു ഉത്ഘനനങ്ങൾ മലബാർ തീരത്തിന്റെ ചരിത്രം തിരുത്തിയെഴുതേണ്ടതിലേയ്ക്കാണ് വിരൽ ചൂണ്ടൂന്നത്. സ്വാഭാവികമായും നിരവധി അറമായ സംസാരിയ്ക്കുന്ന യഹൂദകുടിയേറ്റക്കാരും കച്ചവടക്കാരും മലബാർ തീരത്ത് ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കച്ചവട വിപുലീകരണം ഇതിനെ ത്വരിതഗതിയിലാക്കുകയും ചെയ്തു. 5. യഹൂദരും അറമായിക്കുംപഴയനിയമഗ്രന്ഥങ്ങൾ സൂചന നൽകുന്നതുപോലെ ഇവരുടെ പൂർവ്വികർക്ക് പ്രവാസകാലത്തിനു മുൻപേ തന്നെ അറമായ ഭാഷയുമായി ബന്ധമുണ്ടായിരുന്നു. പ്രവാസകാലത്ത് സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. അലക്സാണ്ടറുടെ പടയോട്ടം സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങൾക്ക് സഹായകമായിട്ടൂണ്ട്. ഔദ്യോഗിക അറമായിക്കിന്റെ (700-300 ബി. സി) (Offical Aramaic) ഒരു ശാഖ ബൈബിളിൾ പഴയനിയഗന്ഥങ്ങളിൽ (സൃഷ്ടി 31:47, ജറമിയ 10:18, ദാനിയേൽ 2:4-7:28, എസ്ര 4:8-6:8, 7:12-26) കാണപ്പെടുന്നുണ്ട്. മധ്യകാല അറമായിക്കാണ്(Middle Aramaic) അഫ്ഗാനിസ്ഥാനിൽ നിന്നും കണ്ടെടുത്ത അശോക ശാസനങ്ങളിൽ കാണുന്നത്. പിൽക്കാല അറമായിക്കിൽ (Late Aramaic) നിന്നാണ് മെശയാനിക അറമായിക് (Christian Aramaic) അഥവാ സുറിയാനി (Syriac) രൂപപ്പെടുന്നത്. എ.ഡി 14ആം നൂറ്റാണ്ടോടുകൂടി ആധുനിക അറമായിക്ക്(Modern) രൂപം കൊണ്ടൂ. 6. മാർ തോമാ നസ്രാണികളുടെ യഹൂദ പശ്ചാത്തലംചിതറിപ്പോയ യഹൂദരുടെ ഇടയിൽ സുവിശേഷം പ്രസംഗിയ്ക്കുക എന്ന ദൗത്യമാണ് ഈശോ മിശിഹാ ശ്ലീഹന്മാരെ ഭരമേല്പിച്ചത്. തോമാ ശ്ലീഹാ തന്റെ ആദ്യ ദൗത്യം പേർഷ്യയിലാണ് നിർവ്വചിച്ചത്. അവിടെ ധാരളം അറമായ സംസാരിയ്ക്കുന്ന യഹൂദരെ അദ്ദേഹം കണ്ടുമുട്ടി. ദക്ഷിണേന്ത്യയിലെ അറമായ സംസാരിയ്ക്കന്ന യഹൂദ കുടിയേറ്റക്കാരുടെ ഇടയിലേയ്ക്കുള്ള ദൗത്യം (രണ്ടാമത്തെ ദൗത്യം) അദ്ദേഹം എ.ഡി 50 ൽ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ യഹൂദർ സുവിശേഷം സ്വീകരിച്ചു. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴു പള്ളികളും യഹൂദർ ധാരളമുള്ള പ്രദേശങ്ങളായിരുന്നു. അറമായ സംസാരിയ്ക്കുന്ന യഹൂദരിൽ ഭൂരിഭാഗവും മെശയാനികർ (Christian) ആയി. യഹൂദവ്യാപരിയായിരുന്ന ഹബാൻ ആണ് തോമാ ശ്ലീഹായെ മലബാർ തീരത്തേയ്ക്ക് നയിച്ചത്. യഹൂദ flute girl തോമാശ്ലീഹായെ തിരിച്ചരിയുകയും സ്വീകരിയ്ക്കുകയും ചെയ്തതായി നാം ആക്ട് ഓഫ് തോമാ യിൽ വായിക്കുന്നു. 1601 ൽ ലളിതവത്കരിച്ച് നവീകരിച്ച റമ്പാൻ പാട്ടും ഇതിനെ പിന്താങ്ങുന്നു. 40 യഹൂദ കുടൂംബങ്ങൾ വിശ്വാസം സ്വീകരിച്ചതയി റമ്പാൻ പാട്ട് സാക്ഷ്യപ്പെടുത്തുന്നു. ഓർശ്ലേം ദേവായലം ഏ.ഡി 70ൽ റോമാക്കാർ തകർക്കുകയും യഹൂദർ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെടുകയും ചെയ്തു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാർ കൊച്ബാ യുദ്ധം (AD 132-135) വീണ്ടും മലബാർ തീരത്തേയ്ക്കുള്ള യഹൂദ കുടിയേറ്റത്തിനു കാരണമായി. ക്രമേണ അവരിൽ മിക്കവരും മാർ തോമാ നസ്രാണികൾ ആയിത്തീർന്നു. ഇക്കാലയളവിനിടയ്ക്ക് അറമായിക്കിൽ നിന്നും സുറിയാനി അഥവാ മെശയാനിക അറമായിക് രൂപം കൊള്ളുകയും ചെയ്തു. 7. മാർ തോമാ നസ്രാണികളും സുറിയാനിയുംചുരുക്കത്തിൽ മലബാർ തീരത്തിന്റെ യഹൂദ പശ്ചാത്തലത്തിനും മലബാർ തീരത്തിന്റെ അറമായ ബന്ധങ്ങൾക്കും യഹൂദമതത്തിൽ നിന്നും വിശ്വാസം സ്വീകരിച്ച് നസ്രാണീ സമൂഹങ്ങൾ രൂപം കൊള്ളുന്നതിനും ഒരു നൈരന്തര്യമുണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ പേർഷ്യയിലെ നസ്രണീ സമൂഹവും ദക്ഷിണേന്ത്യയിലെ നസ്രാണീ സമൂഹവും തമ്മിൽ ആരംഭം മുതൽക്കേ ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് മാർ തോമാ നസ്രാണികളുടെ ആരാധനാ ഭാഷ സുറീയാനി അഥവാ മെശയാനിക അറമായിക് ആയത്. ചില സ്ഥാപിത താത്പര്യക്കാർ പ്രചരിപ്പിയ്ക്കുന്നതുപോലെ ഇത് ഒരിയ്ക്കയും പിന്നീടു സംഭവിച്ച ഒരു ഇറക്കുമതിയല്ല. 8. മാർ തോമാ നസ്രാണീ പാരമ്പര്യങ്ങളിലെ യഹൂദ സ്വാധീനംദക്ഷിണേന്ത്യയിലെ സുറിയാനി നസ്രാണീകളുടെ യഹൂദപശ്ചാത്തലം പറഞ്ഞു കഴിഞ്ഞു. പറങ്കികൾ എത്തുന്നതിനു മുൻപു വരെ യഹൂദരും മാർ തോമാ നസ്രാണികളും തമ്മിൽ ഹാർദ്ദമായ ബന്ധവും നിലനിന്നിരുന്നു. പെസഹാ ആചരണം, മരണശേഷമുള്ള ശുദ്ധീകരണം, പ്രസവത്തിനുശേഷമുള്ള അമ്മയുടേയും കുട്ടിയുടേയും ശുദ്ധീകരണം, യഹൂദരീതിയിലുള്ള ദിവസത്തിന്റെ ആരംഭവും അവസാനവും, സുറിയാനിയിലെ അറമായിസം തുടങ്ങിയവയെല്ലാം വിരൽ ചൂണ്ടൂന്നത് യഹൂദനസ്രണീ പാരമ്പര്യത്തിലേയ്ക്കാണ്. നസ്രാണികളുടെ പേരുകൾ പഴയനിയമ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഇത് പറങ്കി മിഷനറിമാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രതിമകളോ ചിത്രങ്ങളോ നസ്രാണികളുടെ പള്ളികളിൽ ഉണ്ടായിരുന്നില്ല. ഇത് യഹൂദപശ്ചാത്തലത്തിന്റെയും പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിന്റെയും ഫലമാണ്. അവരുടെ പള്ളികളിൽ സ്ലീവാ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാർത്ത് മറിയത്തിന്റെ പ്രതിമ കണ്ട കടുത്തുരുത്തിയിലെ നസ്രാണികൾ കോപം കൊണ്ടൂം ഹൃദയവേദന കൊണ്ടൂം കണ്ണൂകൾ അടച്ചു എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 9. മാർ തോമാ നസ്രാണികളും പേർഷ്യൻ സഭയുംദക്ഷിണേന്ത്യൻ സഭയും പേർഷ്യൻ സഭയുമായുള്ള ബന്ധത്തിന് തോമാസ്ലീഹായുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. പേർഷ്യൻ സഭ തോമാശ്ലീഹായുടെ ഒന്നാം പ്രേഷിത ദൗത്യത്തിന്റെ ഫലമായി രൂപം കൊണ്ടതാണല്ലോ. രണ്ടാമത്തെ പ്രേഷിത ദൗത്യത്തിൽ ദക്ഷിണേന്ത്യയിലെ നസ്രാണീ സമൂഹവും രൂപം കൊണ്ടു. ഇരു സമൂഹങ്ങളുടെയും യഹൂദ-അറമായ ഊഷ്മളമായ ഒരു ബന്ധം തുടർന്നു കൊണ്ടു പോകുവാൻ അവരെ സഹായിച്ചു. ബാർസായിലെ മാർ ദാവീദ് ദക്ഷിണേന്ത്യയിലെ മാർ തോമാ നസ്രാണികളെ സഹായിയ്ക്കുവാനായി മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തി. പേർഷ്യൻ സാമ്രാജ്യം ക്രിസ്തുമതത്തെ പീഠിപ്പിയ്ക്കുവാൻ തുടങ്ങിയപ്പോൾ അവിടുത്തെ പല ക്രിസ്ത്യൻ സമൂഹങ്ങളും ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറുകയും ഇന്ത്യയിലെ മാർ തോമാ നസ്രാണീസമൂഹത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ നസ്രാണീ വിദ്യാർത്ഥികളും മൽപ്പാന്മാരും എദ്ദേസായിലേയും നിസിബസിലേയും സ്കൂളുകളുമായി ബന്ധപ്പെട്ടൂ പ്രവർത്തിച്ചിരുന്നു. നാലാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിനുമിടയിൽ പേർഷ്യൻ ഇസ്ലാമിക മതമർദ്ദനത്തിന്റെ ഫലമായി പശ്ചിമേഷ്യയിൽ നിന്നും ദക്ഷിണേന്ത്യയിലേയ്ക്ക് ധാരാളം ക്രിസ്ത്യൻ കുടിയേറ്റങ്ങളുണ്ടായി. തെക്കുംഭാഗരും അത്തരത്തിൽ കുടിയേറിയ ഒരു കൂട്ടർ മാത്രമായിരുന്നു. മാർ തോമാ നസ്രാണികളുടെ ഇടയിൽ കേട്ടുകേൾവിയില്ലാതിരുന്ന ജാതി വ്യവസ്ഥ അവരുടെ ഇടയിൽ നിലനിന്നിരുന്നതിനാൽ അവർ കുടിയേറ്റക്കാരിൽ ഏറ്റവും അവസാനകാലങ്ങളിൽ കുടിയേറിയവരാണെന്നു കരുതേണ്ടീ വരും. 10. മാർ തോമാ നസ്രാണികൾ സെലൂഷ്യൻ ഭരണത്തിനു കീഴിൽമാർ തോമാ നസ്രാണികളുടെ പേർഷ്യൻ ബന്ധത്തെപറ്റി പറഞ്ഞു കഴിഞ്ഞു. മാർ തോമാ നസ്രാണികളെ സംബന്ധിച്ചിടത്തൊളം മെത്രാൻ അവരുടെ ആത്മീയ പാലകനായിരുന്നു. ഭരണകാര്യങ്ങൾ അർക്കദിയാക്കോന്റെ അദ്ധ്യക്ഷതയിലുള്ള പള്ളീയോഗമാണ് നടത്തിയിരുന്നത്. അഞ്ചാം നൂറ്റണ്ടിൽ (A. D 410) സെലൂഷ്യ-സ്റ്റെസിഫോണിൽ വച്ച് പൗരസ്ത്യ സുറിയാനീ സൂനഹദോസ് നടന്നു. മാർ ഇസഹാക്കിന്റെ സൂനഹദോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പൗരസ്ത്യ സുറിയാനീ സഭയുടെ കാതോലിക്കോസ് അഥവാ പാത്രിയർക്കീസ് ആയി മാർ ഇസഹാക്ക് അവരോധിയ്ക്കപ്പെട്ടു. സെലൂഷ്യ-സ്റ്റെസിഫോണിന്റെ മെത്രാൻ പൗരസ്ത്യ സുറിയാനീ സഭയുടെ പാത്രിയർക്കീസ് ആവുന്നതിനു പിന്നിൽ പേർഷ്യൻ ഭരണകൂടത്തിന്റെയും താത്പര്യമുണ്ടായിരുന്നു. പേർഷ്യയുടെ തലസ്ഥാനം അവിടെയായിരുന്നല്ലോ. ഈ സൂനഹദോസിൽ വച്ചാണ് പൗരസ്ത്യസുറിയാനി സഭയിലെ ആരധാനാക്രമ ഏകീകരണത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. ആദ്യകാലം മുതൽ അദ്ദായി-മാറിയുടെ കൂദാശയാണ് പൗരസ്ത്യ സുറിയാനീ സഭകൾ ഉപയോഗിച്ചിരുന്നതെങ്കിലും കൂദാശയ്ക്കു മുൻപുള്ള ഭാഗങ്ങളും മറ്റും ക്രമാനുഗതമായി കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ ആധുനികരൂപം 7ആം നൂറ്റാണ്ടു മുതലെങ്കിലും മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല. ഭാരതത്തിലെ മാർ തോമാ നസ്രാണികളുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന പേർഷ്യയിലെ സഭ സെലൂഷ്യാ – സ്റ്റെസിഫോണിന്റെ അധികാരത്തിന് ആദ്യകാലത്ത് അനുകൂലമായിരുന്നില്ല. പേർഷ്യയിലെയും ഭാരത്തിലേയും സഭ മാർ തോമാ ശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിൽ നിന്നും സെലൂഷ്യാ-സ്റ്റെസിഫോണിലെ സഭ മാർ തോമായുടെ ശിഷ്യനായ മാർ മാറിയുടെ പ്രവർത്തനഫലമായും രൂപം കൊണ്ടതാണല്ലോ. തോമായുടെ സിംഹാസനം മാറിയുടെ സിംഹാസനത്തിനു കീഴിലാവുന്നതിനോട് അവർ അനുകൂലമായിരുന്നില്ല. ഏഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും പേർഷ്യയിലെ സഭ സെലൂഷ്യ-സ്റ്റെസിഫോൺ സഭയുടെ നിയന്ത്രണത്തിലായി. അതു വരെ ദക്ഷിണേന്ത്യയിലെ സഭ പേർഷ്യയിലെ സഭയുടെ അജപാലന ശ്രേണിയുടെ പരിധിയിലായിരുന്നു. പാത്രിയർക്കീസായിരുന്ന ഈശോയാബ് മൂന്നാമൻ പാത്രിയർക്കീസിന്റെ നേരിട്ടൂള്ള ഭരണത്തിനു കീഴിലുള്ള ഒരു മെത്രാൻ പ്രവിശ്യയാക്കി ഇന്ത്യയെ ഉയർത്തി. അതുവരെ പേർഷ്യൻ മെത്രാന്മാരായിരുന്നു ഇവിടുത്തെ ആത്മീയ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഒൻപതാം നൂറ്റാണ്ടായപ്പോഴേയ്ക്കും പേർഷ്യയും സെലൂഷ്യാ-സ്റ്റെസിഫോണും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിയ്ക്കപ്പെടുകയും സെലൂഷ്യാ-സ്റ്റെസിഫോണിന്റെ ഏറ്റെടുക്കൾ പൂർണ്ണമാവുകയും ചെയ്തു. 11. അഗ്നിക്കിരയാക്കപ്പെട്ട ചരിത്രംഉദയംപേരൂർ കത്തിച്ചുകളഞ്ഞ രേഖങ്ങൾ വിരൽചൂണ്ടുന്നത് ദൈവശാസ്ത്രപരമായും ആരാധനാക്രമപരമായും ആധ്യാത്മികമായും കാനോനികമായും ദക്ഷിണേന്ത്യയിലെ സഭ ഒരു പൗരസ്ത്യസുറിയാനീ സഭയാണ് എന്നതിലേയ്ക്കാണ്. അങ്കമാലിയിലെ ഗ്രന്ഥശേഖരം വളരെ ആസൂത്രിതമായി ചുട്ടെരിയ്ക്കപ്പെട്ടു. മെനേസിസ് 59 പള്ളികളെങ്കിലും സന്ദർശിച്ച് സുറിയാനീ ഗ്രന്ഥശേഖരങ്ങൾ നശിപ്പിച്ചുട്ടൂണ്ട്. അങ്കമാലികഴിഞ്ഞാൽ ഇത്തരത്തിൽ പ്രധാനപ്പെട്ടത് ചേപ്പാടിലേയും ചെങ്ങന്നൂരിയേലുമാണ്. എല്ലാ ഇടവകകളിലേയും ശേഖരങ്ങൾ ഇത്തരത്തിൽ നശീകരണത്തിനു വിധേയമായി. മുസ്ലീം അധിനിവേശകർ അലക്സാണ്ട്രിയൻ ലൈബ്രറി നശിപ്പിച്ചതുമായി താരത്മ്യപ്പെടുത്താവുന്ന ദുരന്തമാണ് ഇതിലൂടെ മാർ തോമാ നസ്രാണികളുടെ ആധ്യാത്മിക സമ്പത്തിനുണ്ടായത്. മാർ തോമാ നസ്രാണികളുടെ ദൈവശാസ്ത്ര കേന്ദ്രമായിരുന്ന അങ്കമാലിയിലെ ഗ്രന്ഥ ശേഖരം നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതായിരുന്നു. ചരിത്രപരമായ ഇക്കാരണത്താൽ പറങ്കികൾക്കു മുൻപുള്ള മാർ തോമാ നസ്രാണികളുടെ ചരിത്രത്തെക്കുറിച്ചുള്ള രേഖകകളൊന്നും തന്നെ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഈ ശ്ലൈഹീകസഭയുടെ പൂർവ്വ ചരിത്രത്തെയ്ക്കുറിച്ചു പരാമർശിയ്ക്കാൻ വൈദേശീയ രേഖകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. | ||
Write your comments to this article on info 'at' nasranifoundation.org |
||
|
||
© Nasrani Foundation Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org. |
||