Here is a simple and comprehensive description on the writing system of Nasranis. The article is written in Malayalam using Unicode fonts. In case of any difficulty in reading please update your Internet Browser with its latest version or read this page. |
|
|
|
ഒരുകാലത്ത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ (നസ്രാണികൾ) ഉപയോഗിച്ചിരുന്ന ലിപി സന്പ്രദായമാണ് സുറിയാനി മലയാളം (കർസോനി മലയാളം). മധ്യപൂർവ പ്രദേശങ്ങളിൽ ആറാമായ (Aramaic) അഥവാ സുറിയാനിലിപികൾ ഉപയോഗിച്ച് അറബി ഭാഷ രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. കർസോൻ അഥവാ കർസോനി എന്നാണു വിളിച്ചിരുന്നത്. മെസപ്പൊട്ടെമിയയുടെ പശ്ചാത്തലത്തിൽ ഉള്ള ഈ വാക്കിന്റെ കൃത്യമായ അർഥം അറിവില്ല. ഒരു പക്ഷെ കർസോനിയുടെ ഉപജ്ഞാതാവിന്റെ പേരിൽ നിന്നായിരിക്കാം ഈ പദം രൂപപ്പെട്ടത്. മാർ തോമാ ശ്ലീഹയിൽ നിന്നും മിശിഹായെ പറ്റി അറിഞ്ഞ ഇന്നത്തെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പൂർവികർ അന്നത്തെ മുഖ്യഭാഷയായ ആറാമായ ഭാഷ അവരുടെ ആരാധനക്രമത്തിൽ പിന്തുടർന്നു. പിൽക്കാലത്ത് പേർഷ്യയിലെ സഭയുമായുള്ള അവരുടെ സന്പർക്കം ആ ഭാഷ നിലനിർത്തി കൊണ്ടുപോകാൻ സഹായകമായി. ഈ വിധം സുറിയാനി ഭാഷയുമായി അടുത്തിടപഴകിയ കേരളത്തിലെ നസ്രാണികൾ തങ്ങളുടെ നാട്ടുഭാഷ ചിട്ടപ്പെടുത്താൻ രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേക ലിപി സന്പ്രദായം ആണ് കർസോനി. ഉദയംപേരൂരിലെ ബലപ്രയോഗത്തിന് (1599 AD) മുൻപ് തന്നെ കർസോനി മലയാളം നിലവിലുണ്ടായിരുന്നു എന്നാണു പ്രശസ്ത സുറിയാനി ഭാഷാ പണ്ഡിതൻ കൂനമ്മാക്കൽ തോമാ കത്തനാർ രേഖപ്പെടുത്തിയിരിക്കുന്നത്. "ശുദ്ധമാന സുനഹദോസിന്ന വിളിക്കപ്പെട്ടു വന്നവരാരും മലയാഷ്മയിലും കറുസൊനിലും എഴുത്തുപെട്ട സുനഹദൊസിൽ ഒപ്പുകുത്താതെ പൊകരുത എന്ന വഴക്കത്തിന്റെറയും മഹറൊന്ററയും പ്രാശ്യത്വത്താല" മെനസിസ് മെത്രാപ്പോലീത്ത കല്പിച്ചതായി കാനനിൽ പറയുന്നു (ഏഴാം മൗത്വാ പത്തൊൻപതാം കാനോന - പുറം 245) അറബി മലയാളം അറബി ഭാഷയിലെ ലിപികൾ ഉപയോഗിച്ചിരുന്നെങ്കിൽ മലയാളം കർസോനിയിൽ ഉപയോഗിച്ചിരുന്നത് സുറിയാനി ഭാഷയിലെ ലിപികൾ ആണ്. മലയാളം കൂടാതെ അറബിയും അർമേനിയനും സുറിയാനിലിപികൾ ഉപയോഗിച്ച് എഴുതിയിരുന്നു. ആറാമായ ഭാഷയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ മറ്റു സ്വരങ്ങളെ പ്രതിനിധാനം ചെയ്യാൻ പ്രത്യേക അക്ഷരങ്ങൾ ഉണ്ടായിരുന്നു. യൂറോപ്പിയൻ രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം നിലവിൽ വരുന്നത് വരെ ഒരുപക്ഷെ സുറിയാനി ക്രിസ്ത്യാനികൾ കർസോനി ലിപി ആയിരിക്കണം ഉപയോഗിച്ചിരുന്നത്. ഈ വിഷയത്തിൽ വ്യക്തമായ അറിവ് കിട്ടണമെങ്കിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപം കൊള്ളുന്നത്. അപ്പോൾ മുതലായിരിക്കണം എല്ലാ ജാതിമതസ്ഥരും ഒരു പൊതുവായ രീതിയിൽ മലയാളം എഴുതിതുടങ്ങിയത്. പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ പോലും സുറിയാനി ക്രിസ്ത്യാനികൾ കർസോനി ലിപി ഉപയോഗിച്ചിരിക്കുന്നതായി കാണാം. മലയാളം കർസോൻ അധികവും എഴുതപ്പെട്ടിരിക്കുന്നത് പൌരസ്ത്യ സുറിയാനിയിൽ ആണ്. ഇതിനു കാരണം മറ്റൊന്നുമല്ല: പാശ്ചാത്യ സുറിയാനിക്ക് കേരളത്തിൽ അങ്ങേയറ്റം 200 കൊല്ലത്തെ പഴക്കമെ ഉള്ളു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഒന്നടങ്കം പൌരസ്ത്യ സുറിയാനി ഭാഷ ആണ് ഉപയോഗിച്ചിരുന്നതെന്നും പാശ്ചാത്യ സുറിയാനി ഉപയോഗത്തിൽ വരാൻ 1665-ൽ അബ്ദുൾ ജലീൽ ബാവാ വന്നതിനും ശേഷവും 150-200 കൊല്ലം കൂടി വേണ്ടി വന്നു എന്നതും നിഷ്പക്ഷമായി പ്രസ്തുത ചരിത്രത്തെ കാണുന്ന ഏതൊരാൾക്കും അറിയാവുന്നതാണ്. സുറിയാനി പോലെ തന്നെ വലതു നിന്നും ഇടത്തോട്ടാണ് മലയാളം കർസോനും എഴുതുന്നത്. കർസോനി ലിപിയിലെ വ്യഞ്ജനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. |
|
പൌരസ്ത്യ സുറിയാനിയിൽ സ്വരം രേഖപ്പെടുത്തുന്നത് വ്യഞ്ജനങ്ങളുടെ മുകളിലും താഴെയുമായി താഴെ കാണുന്ന തരത്തിൽ ബിന്ദുക്കൾ അടയാളപ്പെടുത്തിയാണ്. |
|
|
|
സുറിയാനിയിൽ ഉള്ളതിനേക്കാൾ വ്യഞ്ജനങ്ങൾ മലയാളത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ സുറിയാനി ലിപികൾ മാത്രം ഉപയോഗിച്ച് മലയാളഭാഷ രേഖപ്പെടുത്താൻ സാധ്യമല്ല. ഈ കുറവ് നികത്താൻ കർസോന്റെ പ്രയോക്താക്കൾ ചില പുതിയ ലിപികൾ കൂടി ഉൾപ്പെടുത്തി. അവ താഴെ കൊടുത്തിരിക്കുന്നു. | |
കടപ്പാട്: വേദതര്‍ക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക, ഫാ. ഇമ്മാനുവൽ ആട്ടേൽ, കാർമൽ പബ്ലിക്കേഷൻസ്. | |
ഇവയുടെ സ്വരചിഹ്നങ്ങൾ സുറിയാനിപോലെ തന്നെയാണ്. ഇരട്ടിപ്പിനു അടിയിൽ ഒരു നേർരേഖ കൊടുക്കുന്നു. മേൽക്കാണിച്ചത് കൂടാതെ ആര്യ ലിപിമാലയിൽ നിന്ന് ഭ, ജ എന്നിവകൂടി മലയാളം കർസോൻ സ്വീകരിച്ചു. ഇവയുടെ ഇരട്ടിപ്പിനും അടിയിൽ നേർരേഖ അടയാളപ്പെടുത്തുന്നു. മാര്‍ യൌസേപ്പ് കരിയാറ്റിയുടെ വേദതര്‍ക്കം ആണ് കർസോനി ലിപിയിൽ എഴുതപ്പെട്ട ഒരു പ്രധാന ഗ്രന്ഥം. സുറിയാനി ക്രിസ്ത്യാനികളുടെ എല്ലാ രേഖാലയങ്ങളിലും തന്നെ ഒട്ടനവധി കയ്യെഴുത്ത്ഗ്രന്ഥങ്ങൾ ലഭ്യമാണ്. |
|
വാലറ്റം ചുരുക്കത്തിൽ പറഞ്ഞാൽ സുറിയാനിഭാഷയുമായുള്ള സംസർഗം കൊണ്ട് മാർ തോമ നസ്രാണികളുടെ ഇടയിൽ ഉരുത്തിരിഞ്ഞ ലേഖനരീതിയാണ് മലയാളം കർസോൻ. അവരുടെ സ്വത്വത്തിന്റെ ഭാഗം കൂടിയാണ് ഈ ലിപി സന്പ്രദായം. ഈ വിഷയത്തെ ക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. |
|
Write your comments to this article on info 'at' nasranifoundation.org |
|
References
|
|
|
|
© Nasrani Foundation Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org. |
|